Tuesday 20 December 2016

കുട്ടികളെല്ലാം മിടുക്കന്മാരാണ്.

      കുട്ടികളെല്ലാം മിടുക്കന്മാരാണ്

 "നമ്മുടെ ഹൃദയങ്ങൾ വികസിക്കാനാണ് ഈശ്വരൻ കുട്ടികളെ അയക്കുന്നത്. നമ്മെ നിസ്വാർത്‌ഥരാക്കാനും നമ്മുടെ ഉള്ളിൽ സ്നേഹവും കാരുണ്യവും നിറക്കാനുമാണ്"
രവീന്ദ്രനാഥടാഗോറിന്റെ പ്രശസ്തമായ വാക്കുകകൾ!!
 "മാതാപിതാക്കളുടെ സംരക്ഷണത്തെക്കാൾ വലിയ മറ്റൊരു ആവശ്യവും കുട്ടിക്കാലത്തു ഇല്ല" എന്ന പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡിന്റെ വാക്കുകൾ കൂടി നമുക്ക് ഇതോടൊപ്പം കൂട്ടി വായിക്കാം.
    കുട്ടികൾ വലിയ നിലയിൽ എത്തണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. എന്നാലവർ ഉയരങ്ങളിലെത്താൻ ആവശ്യമായ പെരുമാറ്റരീതിയും സാഹചര്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകുന്ന എത്ര മതാപിതാക്കളുണ്ട്?
    ഒരാളുടെ ജീവിതകാലം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സ്വഭാവത്തിന്റെ സോഫ്റ്റ്‌വെയർ രൂപപ്പെടുന്നത് ജനനം മുതൽ എട്ടു വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ്. 
        ആ കാലഘട്ടത്തിൽ കുട്ടികൾ അടുത്തിടപഴകുന്ന  മാതാപിതാക്കൾ ,കുടുംബക്കാർ, കൂട്ടുകാർ, വിദ്യാലയം, അധ്യാപകർ, തുടങ്ങി എല്ലാ വ്യക്തികളും, സഹചര്യങ്ങളുമാണ് ആകുട്ടിയിലെ സ്വഭാവത്തിന്റെ സോഫ്റ്റ്‌വെയർ രൂപപ്പെടുത്താൻ സഹായിക്കുന്നത്.
     ഈ കാലഘട്ടത്തിൽ വളരെ പോസിറ്റീവായ ആളുകളിലും സഹചര്യങ്ങളിലുമാണ് ആകുട്ടി വളരുന്നതെങ്കിൽ , അവനവനും കുടുംബത്തിനും, സമൂഹത്തിനും ഒരു മുതൽക്കൂട്ടായി മാറാൻ ആ കുട്ടിക്ക് കഴിയും.
     കുട്ടികൾ ഏതുതരത്തിലും ഉയരങ്ങളിലെത്താൻ അവരിൽ സുരക്ഷിതത്വബോധം,  ലക്ഷ്യബോധം, വ്യക്തിബോധം, കൂട്ടായ്മയെപ്പറ്റിയുള്ള ബോധം, സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കേണ്ടതുണ്ട്.
     സുരക്ഷിതത്വം അനുഭവപ്പെടുന്ന കുട്ടികൾ വളരെയധികം ഉത്തരവാദിത്ത്വം പ്രകടിപ്പിക്കുന്നവരും, ആത്മാവിശാസം ഉള്ളവരും, മറ്റുള്ളവരോട് ബഹുമാനം ഉള്ളവരും, സ്വയം അച്ചടക്കം പാലിക്കുന്നവരും, നിയമം പാലിക്കുന്നവരും,പരാജയത്തെപോലും ഉത്കണ്ഠയോ, ആശങ്കയോ ഇല്ലാതെ അഭിമുഖികരിക്കാൻ മടിയില്ലാത്തവരും ആയിരിക്കും.
  എന്നാൽ അരക്ഷിതത്ത്വം അനുഭവിക്കുന്ന കുട്ടികൾ ആശങ്കയും ഉത്കണ്ഠയും കൂടെകൊണ്ടുനടക്കുന്നവരും വെപ്രാളക്കാരും ആയിരിക്കും. എല്ലാത്തിനോടും ഒരു വിമത ഭാവത്തോടെ നിൽക്കുകയും, സമൂഹത്തെയും മത്സരാധിഷ്ഠിത സന്ദര്ഭങ്ങളെയും അഭിമുകീകരിക്കാൻ മടിയുള്ളവരും ആയിരിക്കും. ഇത്തരക്കാർക്ക് ജീവിത വിജയം എന്നത് വളരെയധികം ബുദ്ധിമുട്ടേറിയതുമായിരിക്കും.
     അടിയുറച്ച വ്യക്തിബോധമുള്ള കുട്ടികൾ  മറ്റുള്ളവരോട് സഹാനുഭൂതിയും സ്നേഹവും പ്രകടിപ്പിക്കുന്നവരും, മറ്റുള്ളവരെ അംഗീകരിക്കുന്നവരും, സ്വയം അംഗീകരിക്കുന്നവരും, ആത്മനിയന്ത്രണം പാലിക്കുന്നവരും,മറ്റുള്ളവർക്ക് അർഹമായ പരിഗണന നല്കുന്നവരും, സഹിഷ്‌ണുത പ്രകടിപ്പിക്കുന്നവരുമായിരിക്കും.
     വ്യക്തിബോധമില്ലാത്ത കുട്ടികൾ
 മറ്റുള്ളവരെ പ്രീണിപ്പിക്കാൻ അമിത ശ്രദ്ധകാട്ടുന്നവരും, മറ്റുള്ളവരുടെ ആകര്ഷണകേന്ദ്രമാകാൻ ബദ്ധപ്പെടുന്നവരും,മറ്റുള്ളവരെ വിമര്ശിക്കുന്നവരും, കള്ളവും ചതിവും കാട്ടാൻ മടിയില്ലാത്തവരും, ചെയ്യുന്ന പ്രവൃത്തികളിൽ മതിപ്പോ അഭിമാന ബോധമോ ഇല്ലാത്തവരുമായിരിക്കും.
   
         അതുകൊണ്ട് നിങ്ങൾ മാതാവോ, പിതാവോ, അധ്യാപകനോ ആരായാലും നിങ്ങളുടെ കുട്ടികൾക്ക് ഒരു മാതൃകയായി പ്രവർത്തിക്കുക, നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും പോസിറ്റീവ് ആവട്ടെ അത് കുട്ടികൾക്കു ആത്മവിശ്വാവും, സുരക്ഷിതത്വബോധവും നൽകട്ടെ, ക്ഷമയും സ്നേഹവുമാവട്ടെ നിങ്ങളുടെ ആയുധങ്ങൾ.
                                  

               എം പി ഷാജി ,കന്മനം


No comments:

Post a Comment